മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ് - ദാവ തലവനുമായ ഹാഫിസ് സയീദിന്‍റെ വീട്ടുതടങ്കല്‍ റദ്ദാക്കിയ ലാഹോര്‍ ഹൈക്കോടതിയുടെ നടപടിക്കെതിരെ പാകിസ്ഥാനിലെ പഞ്ചാബ് ഗവണ്‍മെന്‍റ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. വെള്ളിയാഴ്ച രാവിലെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സയീദിന്‍റെ തന്നെ സംരക്ഷണത്തിന് തടവ് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി.
ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 12 മുതല്‍ വീട്ടുതടങ്കലിലായിരുന്നു സയീദ്. തടവില്‍ പാര്‍പ്പിക്കാന്‍ സയീദിനെതിരെ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സയീദിനെ മോചിപ്പിക്കാന്‍ കഴിഞ്ഞ ജൂണ്‍ രണ്ടിന് കോടതി ഉത്തരവിറക്കിയത്.
മുംബൈ ഭീകാക്രമണം നടന്ന് ഒരു മാസത്തിനകം തന്നെ ജമാഅത്ത് ഉദ് - ദാവയെ ഐക്യരാഷ്ട്ര സഭ നിരോധിച്ചിരുന്നു. സയീദിന്‍റെ മോചനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയത്. |