ഹോണ്ടുറാസില്‍ നിന്ന് അംബാസഡര്‍മാരെ പിന്‍വലിക്കാനും എംബസികള്‍ അടച്ചിടാനും യൂറോപ്യന്‍ യുണിയനിലെ വിവിധ മുഴുവന്‍ രാജ്യങ്ങളും തീരുമാനിച്ചു. പ്രസിഡനന്‍റ് മാനുവല്‍ സെലായയെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് അംബാസഡര്‍മാരെ പിന്‍വലിക്കുന്നത്.
സെലായയെ അധികാരത്തില്‍ പുനസ്ഥാപിച്ച് പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. ഹോണ്ടുറസില്‍ ഭരണഘടനാ ലംഘനം നടന്നതിനെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി അപലപിച്ചു. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍റെ എല്ലാ അംബാസഡര്‍മാരും രാജ്യം വിടുകയാണെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു.
യൂണിയനിലെ 27 രാജ്യങ്ങളില്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയിന്‍ എന്നീ നാല് രാജ്യങ്ങള്‍ക്ക് മാത്രമാണ് പൂര്‍ണതലത്തിലുള്ള പ്രാതിനിധ്യം ഹോണ്ടുറാസിലുള്ളത്. അതേസമയം സെലായയെ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അനുയായികള്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നുണ്ട്. |