പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 12 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ഒരു ബസില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചുര്‍ ചൌക്കിനടുത്തുള്ള കന്‍റോണ്‍മെന്‍റ് പ്രദേശത്തിനടുത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്നയുടനെ പ്രദേശം പൊലീസ് വളഞ്ഞു.
പാക് താലിബാന്‍ നേതാവ് മൌലാന ഫസലുള്ള കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായാണ് സ്ഫോടനം എന്നാണ് സൂചന. സ്വാതില്‍ താലിബാന്‍ തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ ലക്‍ഷ്യമാക്കി സൈന്യം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഫസലുള്ള മരിച്ചതായി പാക് മാധ്യമങ്ങള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് റാവല്‍പ്പിണ്ടിയില്‍ സ്ഫോടനം നടന്നത്. |