ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ഒരു സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ പത്രം ഇറാന്‍ സര്‍ക്കാര്‍ നിരോധിച്ചു. മെദ്‌ഹി കറൂബിയുടെ നേതൃത്വത്തിലുള്ള ഇതിമാദ് മെല്ലി എന്ന പത്രമാണ് നിരോധിച്ചത്. അഹമ്മദി നെജാദിനെ വീണ്ടും തെരഞ്ഞെടുത്ത നടപടി അംഗീകരിക്കില്ലെന്ന് കറൂബി പ്രസ്താവിച്ചതോടെയാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
നിയമാനുസൃതമായി നടന്ന തെരഞ്ഞെടുപ്പിലൂടെയല്ല നെജാദ് തെരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു കറൂബിയുടെ ആരോപണം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ പ്രസ്താവന പ്രസിദ്ധീകരിച്ച ഉടനെ സാംസ്കാരിക മന്ത്രാലയം ഇതിമാദ് മെല്ലി പത്രത്തിന്‍റെ പ്രസിദ്ധീകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. പത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അവരുടെ വെബ്സൈറ്റ് തന്നെയാണ് പുറത്തുവിട്ടത്.
ഇറാനില്‍ പരിഷ്കരണവാദ നിലപാട് പുലര്‍ത്തുന്ന അപൂര്‍വ്വം ചില പത്രങ്ങളില്‍ ഒന്നാണ് ഇതിമാദ് മെല്ലി. തെരഞ്ഞെടുപ്പിനെതിരെ പ്രക്ഷോഭം നടത്തിയതിന് പത്രത്തിന്‍റെ ചീഫ് എഡിറ്റര്‍ അടക്കം നിരവധി പത്രപ്രവര്‍ത്തകരേയും പരിഷ്കരണ നേതാക്കളേയും ഇറാന്‍ പൊലീസ് തടവിലാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് വീണ്ടും വോട്ടെണ്ണിയ ശേഷം ഗാര്‍ഡിയന്‍ കൌണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും പ്രക്ഷോഭം തുടര്‍ന്നാല്‍ ശക്തമായ നടപടികളെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 12നായിരുന്നു ഇറാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. |