പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ നിയോഗിച്ച മൂന്നംഗ സമിതി അന്വേഷണമാരംഭിച്ചു. ചിലിയുടെ യുഎന്‍ അംബാസഡര്‍ ഹെറാള്‍ഡോ മുനോസ് ആണ് സമിതിയുടെ തലവന്‍. ആറു മാസമാണ് സമിതിയുടെ കാലാവധി.
പാകിസ്ഥാന്‍റെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബേനസീര്‍ വധം അന്വേഷിക്കാന്‍ യുഎന്‍ കമ്മീഷനെ നിയമിച്ചത്. ബേനസീറിന്‍റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിന് 1.5 മില്യണ്‍ യുഎസ് ഡോളര്‍ പാക് സര്‍ക്കാര്‍ യുഎന്‍ സെക്രട്ടേറിയറ്റിന് നേരത്തെ നല്‍കിയിരുന്നു. സമിതി ഉടന്‍ തന്നെ പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് യുഎന്‍ വക്താവ് അറിയിച്ചു.
കൊലപാതകത്തിന്‍റെ വസ്തുതകളും സാഹചര്യങ്ങളുമാണ് സമിതി അന്വേഷിക്കുക. ഇന്‍ഡോനേഷ്യന്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മര്‍സുകി ദരുസ്മാന്‍, ഐറിഷ് മുന്‍ പൊലീസ് ഓഫീസര്‍ പീറ്റര്‍ ഫിറ്റ്സ് ജെറാള്‍ഡ് എന്നിവരാണ് സമിതിയിലുള്ള മറ്റുള്ളവര്‍.
2007 ഡിസംബറില്‍ റാവല്പിണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു ബേനസീര്‍ കൊല്ലപ്പെട്ടത്. മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിതയാണ് ബേനസീര്‍. പാക് താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദാണ് ബേനസീര്‍ വധത്തിന്‍റെ മുഖ്യ സൂത്രധാരന്‍ എന്നാണ് കരുതുന്നത്. |