ലോകത്ത് സാമ്രാജ്യത്വത്തിന്‍റെ കാലം അവസാനിച്ചതായി ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ് പറഞ്ഞു. റഷ്യയിലെ യെകാറ്റേറിന്‍ബര്‍ഗില്‍ ഷങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയെ ലക്‌ഷ്യം വച്ചു കൊണ്ടാണ് ഇറാന്‍ പ്രസിഡന്‍റ് ഇങ്ങനെ പറഞ്ഞത്. ഇറാന്‍റെ അമേരിക്കയോടുള്ള നിലപാടുകളില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആണവായുധങ്ങള്‍ സംബന്ധമായി ഇറാനും, അമേരിക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ച വിശ്വാസ്യതയില്ലാത്തതായിരുന്നുവെന്നും നെജാദ് അഭിപ്രായപ്പെട്ടു.
ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതായി നെജാദ് കുറ്റപ്പെടുത്തി. ഇറാഖ് ഇപ്പോഴും ആ രാജ്യത്തിന്‍റെ അധീനതയിലാണ്. അഫ്ഗാനിസ്ഥാനില്‍ സ്ഥിതി വഷളായി തുടരുന്നു. പലസ്തീന്‍ പ്രശ്നം ഇതുവരെ പരിഹരിക്കാനായിട്ടില്ല. സാമ്പത്തികമായും, രാഷ്‌ട്രീയപരമായും ഏറെ പ്രശ്നങ്ങളുള്ള അമേരിക്കയുടെ നീക്കങ്ങളില്‍ നെജാദ് സംശയം പ്രകടിപ്പിച്ചു.
ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും രാഷ്‌ട്രീയ - സാമ്പത്തിക - സാംസ്കാരിക സ്ഥിരതയ്ക്ക് കൂട്ടായ തീരുമാനമാണ് വേണ്ടതെന്നും നെജാദ് പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇറാനിലുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് പറയാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. |