പാകിസ്ഥാനിലെ വസീറിസ്ഥാനില്‍ താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദിന്‍റെ ആസ്ഥാനം സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. മെഹ്സൂദിന്‍റെ ഒളിത്താവളത്തിന് ഏറെ അടുത്തെത്തിയ സൈന്യം തവളത്തിന്‍റെ മൂന്ന് ഭാഗത്തുകൂടിയും മുന്നേറുകയാണ്.
തെക്കന്‍ വസീറിസ്ഥാനില്‍ ശനിയാഴ്ച ശക്തമായ മുന്നേറ്റം നടത്തിയ സൈന്യം തീവ്രവാദികളുടെ നിരവധി താവളങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ബെയ്ത്തുള്ളയുടെ ജന്‍മദേശമായ മകീന്‍ പട്ടണത്തിന്‍ സൈന്യം നിരവധി തവണ ബോംബാക്രമണം നടത്തി. താലിബാന്‍ നേതാക്കളുടെ ഒളിത്താവളങ്ങള്‍ ലക്‍ഷ്യമാക്കി ഇന്നും സൈന്യം മുന്നേറുകയാണ്.
വടക്ക് - കിഴക്കന്‍ ഭാഗമായ ബണ്ണുവിലൂടെയും, തെക്ക് ജന്‍ഡോലയിലൂടെയും, തെക്ക് - പടിഞ്ഞാറന്‍ ഭാഗത്തുകൂടിയും ആണ് താലിബാന്‍ കേന്ദ്രങ്ങള്‍ ലക്‍ഷ്യമാക്കി സൈന്യം നീക്കം നടത്തുന്നത്. മകീനുമായി ബന്ധപ്പെടാനുള്ള മൂന്ന് പ്രധാന മാര്‍ഗങ്ങളാണിത്. എത്രയും പെട്ടെന്ന് മെഹ്സൂദിനെ പിടിക്കാന്‍ കഴിയുമെന്നാണ് സൈന്യം കണക്കു കൂട്ടുന്നത്. |