പാകിസ്ഥാനിലെ അവസ്ഥ ഗുരുതരമാണെന്ന് മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷാറഫ്. രാജ്യത്തെ സുരക്ഷ സംബന്ധിച്ച് ലോക രാജ്യങ്ങളുടെ ആശങ്ക പാകിസ്ഥാന്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി അറേബ്യയിലേക്ക് സന്ദര്‍ശനത്തിനായി യാത്ര തിരിക്കുന്നതിന് തൊട്ടുമുന്‍പ് വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഷാറഫ്.
പാകിസ്ഥാനിലെ സംഭവങ്ങള്‍ ലോകം ഭീതിയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള്‍ പാകിസ്ഥാനിലുണ്ട്. ഇവ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യം കൂടുതല്‍ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകരാജ്യങ്ങള്‍ പാകിസ്ഥാനിലെ പ്രശ്നങ്ങള്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ രൂപരേഖ തയ്യാറാക്കുകയാണ് എല്ലാവരും. എന്നാല്‍ പാകിസ്ഥാന്‍ സ്വന്തം നിലയ്ക്ക് തീവ്രവാദികളെ നേരിടുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം നിലയ്ക്ക് നടപടികളെടുക്കാനും രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാനും തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്വാതിലെ കരാര്‍ ഗുണകരമാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മുഷറഫ് പറഞ്ഞു. കരാറിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മുഷാറഫ് ഇങ്ങനെ പ്രതികരിച്ചത്. |