അമേരിക്കയിലേക്ക് വീണ്ടും സ്ഥാനപതിയെ അയയ്ക്കുമെന്ന് വെനിസ്വേല പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് അറിയിച്ചു. വെനിസ്വേലയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്ഥാനപതിയെ അയയ്ക്കുമെന്ന് ഷാവേസ് അറിയിച്ചത്.
ട്രിനിഡാഡില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഷാവേസ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണുമായും നയതന്ത്ര പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അമേരിക്കയിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കുന്ന കാര്യം ഷാവേസ് പ്രഖ്യാപിച്ചത്.
നേരത്തെ പ്രതിനിധിയായിരുന്ന റോയ് ചാഡര്‍ട്ടണിനെ തന്നെയാണ് സ്ഥാനപതിയായി അമേരിക്കയിലേക്ക് അയയ്‌ക്കുകയെന്ന് ഷാവേസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വെനിസ്വേലയിലെ അമേരിക്കന്‍ പ്രതിനിധിയേയും പുനഃസ്ഥാപിക്കാന്‍ ഹിലാരി സന്നദ്ധത പ്രകടിപ്പിച്ചതായി ഒരു അമേരിക്കന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളീവിയ അമേരിക്കന്‍ സ്ഥാനപതിയെ പുറത്താക്കിയതിനു പിന്നാലെയാണ് ഷാവേസും സമാനമായ നടപടി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബോളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറെയ്‌സിന്‍റെ നടപടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഷാവേസ് അമേരിക്കന്‍ പ്രതിനിധിയെ പുറത്താക്കിയത്. ഇതേത്തുടര്‍ന്ന് വെനിസ്വേലയുടെയും ബൊളീവിയയുടെയും സ്ഥാനപതികളെ അമേരിക്കയും പുറത്താക്കി. |