ശ്രീലങ്കയില്‍ രണ്ട് ദിവസത്തേയ്ക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വടക്കന്‍ പ്രദേശത്തെ യുദ്ധ മേഖലയില്‍ നിന്ന് സിവിലിയന്‍മാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിനാണ് വെടിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് വാര്‍ത്താ വിതരണ മന്ത്രി അനുര പ്രിയദര്‍ശന യാപ അറിയിച്ചു.
രാജ്യത്തെ യുദ്ധ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ സുരക്ഷ സംബന്ധിച്ച് ലോക രാജ്യങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുല്ലത്തീവ് ജില്ലയിലെ സാധാരണക്കാരുടെ സുരക്ഷ സംബന്ധിച്ച് സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ ശരത് ഫൊന്‍സകെയുമായി ശ്രീലങ്കയിലെ അമേരിക്കന്‍ അംബാസഡര്‍ റോബര്‍ട്ട് ബ്ലെയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
യുദ്ധം അവസാന ഘട്ടത്തിലെത്തിയതായി പുതുകുടിയിരുപ്പ് നിയന്ത്രണത്തിലാക്കിയ ശേഷം സൈന്യം അവകാശപ്പെട്ടിരുന്നു. മുല്ലത്തീവിലെ യുദ്ധരഹിത മേഖലയില്‍ മാത്രമാണ് പുലികള്‍ക്ക് സ്വാധീനമുള്ളതെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പ് ജനവാസ മേഖലയിലെ വിമതര്‍ക്ക് നേരെ സൈന്യം നീക്കം ആരംഭിച്ചിരുന്നു.
പ്രദേശത്തെ സിവിലിയന്‍മാര്‍ക്ക് രക്ഷപ്പെടാനുള്ള പാതയൊരുക്കണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആവശ്യം എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനും അംഗീകരിച്ചതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതുകുടിയിരുപ്പിലെ യുദ്ധത്തില്‍ തന്‍റെ പ്രധാന നേതാക്കളെയെല്ലാം നഷ്ടപ്പെട്ടതോടെ യുദ്ധം നയിക്കാന്‍ ആളില്ലാതായതാണ് യുദ്ധ രഹിത മേഖലയില്‍ നിന്ന് സാധാരണക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കാന്‍ പ്രഭാകരനെ പ്രേരിപ്പിച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. |