കനത്ത പോരാട്ടത്തിനൊടുവില്‍ എല്‍ടിടിഇയുടെ അവസാന കേന്ദ്രമായ പുതുകുടിയിരുപ്പ് ശ്രീലങ്കന്‍ സൈന്യം പിടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന യുദ്ധത്തില്‍ 420 പുലികളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു. പുതുകുടിയിരുപ്പും വീണതോടെ വടക്കന്‍ മേഖലയില്‍ പുലികളുടെ നിയന്ത്രണം പൂര്‍ണമായി ഇല്ലാതായതായി സൈനിക വക്താവ് ഉദയ നയനക്കര പറഞ്ഞു.
വടക്ക്-കിഴക്കന്‍ ശ്രീലങ്കയിലെ കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള വെടിനിര്‍ത്തല്‍ മേഖലയില്‍ മാത്രമാണ് ഇപ്പോള്‍ പുലികള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പുലികളുമായുള്ള പോരാട്ടം അന്തിമ ഘട്ടത്തിലെത്തിയതായി ഏതാനും ദിവസം മുന്‍പ് സൈന്യം പ്രസ്താവിച്ചിരുന്നു.
യുദ്ധത്തില്‍ എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍റെ അടുത്ത അനുയായികളായിട്ടുള്ള നേതാക്കളും കൊല്ലപ്പെട്ടതായാണ് സൂചന. നിരവധി എല്‍ടിടിഇ പ്രവര്‍ത്തകരെ സൈന്യം പിടികൂടിയിട്ടുണ്ട്. ശനിയാഴ്ച മാത്രം പ്രദേശത്ത് നൂറിലധികം പുലികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. സൈന്യത്തിന്‍റെ പ്രസ്താവനയോട് പുലികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രഭാകരന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബുള്ളറ്റ് പ്രൂഫ് കാര്‍ കണ്ടെത്തിയതായി സൈന്യം ഇന്നലെ അറിയിച്ചിരുന്നു. വടക്കന്‍ പുതുകുടിയിരുപ്പിന് സമീപമാണ് പ്രഭാകരന്‍റെ ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ കാര്‍ കേടുപാടുകളോടെ കണ്ടെത്തിയത്. പുലികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന നിരവധി ആയുധങ്ങളും സൈന്യം പ്രദേശത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. |