ശ്രീലങ്കയില്‍ വടക്കന്‍ പ്രവിശ്യയില്‍ എല്‍ടിടിഇ നടത്തിയ ചാവേറാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയിലെ യുദ്ധ മേഖലയില്‍ കുടുങ്ങിപ്പോയ സാധാരണക്കാരെ രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന സൈനികരുടെ അടുത്തെത്തിയ എല്‍ടിടിഇയുടെ പെണ്‍ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ഒരു മാസത്തിനിടെ സൈന്യത്തിന് നേരെ പുലികള്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
പുലികള്‍ക്കു മേല്‍ സൈന്യം ശക്തമായ മുന്നേറ്റം തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. വടക്കന്‍ മേഖലയിലെ പ്രധാന താവളങ്ങളെല്ലാം തന്നെ സൈന്യം കീഴടക്കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ യുദ്ധ മേഖലയില്‍ രണ്ടര ലക്ഷത്തോളം സാധാരണക്കാര്‍ കുടുങ്ങിപ്പോയതായും ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റെഡ്ക്രോസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്നാണ് വടക്കന്‍ പ്രവിശ്യയിലുള്ള സാധാരണക്കാരെ സൈന്യം സുരക്ഷിത താവളങ്ങളിലേയ്ക്ക് മാറ്റാന്‍ തുടങ്ങിയത്. സൈന്യം ലക് ഷ്യ ബോധമില്ലാതെ നടത്തിയ ഷെല്ലാക്രമണത്തിലാണ് സാധാരണക്കാര്‍ക്ക് പരിക്കേറ്റതെന്നാണ് പുലികളുടെ വാദം. എന്നാല്‍ പുലികള്‍ സാധാരണക്കാരെ തടവിലാക്കിയതായി സൈന്യം ആരോപിച്ചു.
ഇന്ന് രാവിലെ 800 പൌരന്‍മാരോടൊപ്പം തെക്കന്‍ മേഖലയിലെ ക്യാമ്പിലേയ്ക്ക് പോകുമ്പോഴായിരുന്നു ചാവേറാക്രമണമുണ്ടായതെന്ന് സൈനിക വക്താവ് പറഞ്ഞു. ജനങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതില്‍ പുലികള്‍ അസ്വസ്ഥരായിരുന്നു എന്ന് വക്താവ് പറഞ്ഞു.
അതേസമയം പുലികളുടെ ഒരു താവളം കൂടി സൈന്യം ഇന്ന് തകര്‍ത്തു. ശനിയാഴ്ച സൈന്യം നടത്തിയ ആക്രമണത്തില്‍ 34 പുലികള്‍ കൊല്ലപ്പെട്ടിരുന്നു. |