പാകിസ്ഥാന്‍റെ ഭൂപ്രദേശത്ത് അമേരിക്ക നടത്തുന്ന അക്രമണങ്ങളെ രാജ്യം ശക്തമായി വിമര്‍ശിച്ചു. സ്വിറ്റ്സര്‍ലാന്‍ഡില്‍ നടക്കാനിരിക്കുന്ന സാമ്പത്തിക ഉച്ചകോടിയില്‍ ഈ പ്രശ്നം അവതരിപ്പിക്കുമെന്നും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു.
അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്ന അമേരിക്കന്‍ നയം പുതിയ സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ഗിലാനി പറഞ്ഞു. സാമ്പത്തിക ഉച്ചകോറ്റിയില്‍ പങ്കെടുക്കാനായി ഗിലാനി ഇന്ന് യാത്ര തിരിക്കും. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് പാകിസ്ഥാന്‍ നടത്തുന്ന അന്വേഷണം തുടരുകയാണെന്നും ഇതിന്‍റെ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുമായും മറ്റ് ലോക രാഷ്ട്രങ്ങളുമായും പങ്കുവയ്ക്കുമെന്നും ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.
സ്വാത് മേഖലയിലെ താലിബാന്‍ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യത്തിന് താലിബാനെ മറ്റൊരു നീതി നിര്‍വഹണ സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. താലിബാന്‍ പ്രദേശത്ത് സമാന്തര കോടതികള്‍ സ്ഥാപിക്കുന്നെന്ന വാര്‍ത്തയെ ഗൌരവമായാണ് കാണുന്നതെന്നും ഗിലാനി പറഞ്ഞു. |