പാകിസ്‌താനിലെ അല്‍ഖ്വയ്‌ദ തലവന്‍ കൊല്ലപ്പെട്ടതായി അമേരിക്ക അവകാശപ്പെട്ടു. അല്‍ഖ്വയ്ദയുടെ പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എമ അല്‍കിനിയെയും സഹായി ഷേഖ് അഹമദ് സലിമിനെയും വധിച്ചതായി അമേരിക്കന്‍ തീവ്രവാദവിരുദ്ധ സംഘത്തിലെ ഉദ്യോഗസ്ഥനാണ് അറിയിച്ചത്.
ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തിയതിന്‍റെ പിന്നിലെ പ്രധാനിയാണെന്ന് കരുതപ്പെടുന്നയാളാണ് കിനിയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധശ്രമത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്.
കെനിയന്‍ സ്വദേശിയായ കിനി അമേരിക്കയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഉന്നതനാണ്. തെക്കന്‍ വസീരിസ്‌താനിലെ കാരികോട്ടുള്ള തീവ്രവാദി കേന്ദ്രത്തിനുനേരെ ആളില്ലാത്ത അമേരിക്കന്‍ യുദ്ധവിമാനം മൂന്ന് മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. ഈ ആക്രമണത്തിലാകാം കിനി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. 1998ല്‍ ടാന്‍സാനിയയിലും കെനിയയിലും യുഎസ് എംബസികളില്‍ സ്ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട് ഇവരെ എഫ്ബിഐ അന്വേഷിച്ചു വരികയായിരുന്നു.
അതേസമയം നിയുക്ത അമേരിക്കന്‍ വൈസ്പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ന് പാകിസ്ഥാനിലെത്തും. മുംബൈ അക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സഹകരിക്കണമെന്ന് അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടേക്കും. അതിനിടെ മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യുഎസ് ആഭ്യന്തര സുരക്ഷാ സെനറ്റ് കമ്മിറ്റി ചെയര്‍മാനും സെനറ്ററുമായ ജോസഫ് ലീബര്‍മാന്‍ പറഞ്ഞു. |