ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ യുഎന്‍ തീരുമാനിച്ചു. ഇസ്രയേല്‍ അക്രമണത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു യുഎന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ഗാസയില്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകളുടെ സജീവസാന്നിധ്യം അനിവാര്യമായ ഘട്ടമാണിതെന്നും ഐക്യരാഷ്ട്രസഭയ്ക്ക് പൂര്‍ണപിന്തുണ നല്‍കാന്‍ തയ്യാറാണെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ വക്‌താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രയേലിന്‍റെ വടക്കന്‍ പ്രവിശ്യയില്‍ ലബനില്‍ നിന്നു റോക്കറ്റാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇസ്രയേലിലെ ഗലീലി മേഖലയില്‍ മൂന്നിടങ്ങളിലായാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ റോക്കറ്റ് ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക സംഘടനയായ ഹിസ്ബുള്ളയായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് ലബനന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2006ല്‍ ലബനനും ഇസ്രയേലും തമ്മിലുണ്ടായ യുദ്ധത്തില്‍ ആയിരത്തിലധികം ലബനന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. |