മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിന്‍ കസബ് പാകിസ്ഥാനിയാണെന്ന വാദത്തിനെതിരെ ജമാത്ത്-ഉദ്-ദാവ.
ഇന്ത്യന്‍ ഏജന്‍സികള്‍ അവര്‍ക്കായി ജോലിനോക്കുന്നതിന് തട്ടിക്കൊണ്ടു പോയ നേപ്പാളില്‍ താമസിക്കുന്ന പാക് യുവാക്കളില്‍ ഒരാളാവാം കസബ് എന്നാണ് ജമാത്ത്-ഉദ്-ദാവ അഭിപ്രായപ്പെടുന്നത്.
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തു എന്ന് ആരോപിക്കുന്ന സക്കിയുര്‍ റഹ്മാന്‍, സരാര്‍ ഷാ എന്നിവരുമായി ജമാത്ത്-ഉദ്-ദാവ നേതാവ് ഹഫീസ് സയ്യിദിന് ബന്ധമില്ല എന്നും സംഘടനാ വക്താവ് അബ്ദുള്ള മുന്ദാസിര്‍ ഒരു വാര്‍ത്താ മാധ്യമത്തിനോട് പറഞ്ഞു.
കസബ് പാക്സിഥാനി ആണെന്ന് രാജ്യം അംഗീകരിച്ചതിനു കാരണമെന്തെന്ന് അറിയില്ല. നേപ്പാളില്‍ താമസിച്ചിരുന്ന പാകിസ്ഥാന്‍ വംശജനാണ് കസബ് എന്നും ഇന്ത്യന്‍ ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോയ പാകിസ്ഥാനി യുവാക്കളുടെ കൂട്ടത്തില്‍ കസബും ഉള്‍പ്പെടുന്നു എന്നും മുന്ദാസിര്‍ പറഞ്ഞു.
ജമാത്ത്-ഉദ്-ദാവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണം എന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഘടനാ നേതാവ് ഹഫിസ് സയ്യിദ് ലാഹോറില്‍ വീട്ടുതടങ്കലിലാണ്. |