കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് മുംബൈയിലുണ്ടായതു പോലെയുള്ള ആക്രമണം അമേരിക്കയുടെ പട്ടണങ്ങളിലും ഉണ്ടാകാനിടയുണ്ടെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ ആക്രമണം നടന്നാല്‍ നേരിടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് സുരക്ഷാ ഉപദേഷ്ടാവ് കെന്‍ വെയ്ന്‍സ്റ്റീന്‍ പറഞ്ഞു.
അക്രമണം ഉണ്ടായാല്‍ എങ്ങനെ നേരിടുമെന്ന് ഒരു ധാരണയുമില്ലെന്ന് വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ലോകത്ത് എവിടേയും അത്തരത്തിലുള്ള ആക്രമണത്തിന് സാധ്യതയുണ്ട്. മുംബൈയില്‍ പരീക്ഷിച്ചത് പോലെയുള്ള പുതിയ മാതൃക പരീക്ഷിക്കപ്പെട്ടാല്‍ നേരിടുക എളുപ്പമാവില്ലെന്നാണ് വെയ്ന്‍സ്റ്റീന്‍റെ പ്രസ്താവന അന്താരാഷ്ട്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന സൂചന. യുഎസ് ആഭ്യന്തര സുരക്ഷാ കമ്മറ്റി ഇത്തരം അക്രമണം നേരിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍റെ സമരോത്സുകമായ അതിര്‍ത്തി പ്രദേശങ്ങള്‍ അമേരിക്കയുടെ അഫ്ഗാന്‍ ദൌത്യത്തിന് മാത്രമല്ല ഇന്ത്യയ്ക്കും അതിനുപരി ലോകത്തിനാകമാനവും ഭീഷണി ഉയര്‍ത്തുന്നു എന്ന് ബുഷിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫന്‍ ഹാഡ്‌ലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. നിയുക്ത പ്രസിഡന്‍റ് ബരാക് ഒബാമയെ കാത്തിരിക്കുന്നത് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു വിദേശനയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. |