ഇസ്രയേലിന്‍റെ വടക്കന്‍ പ്രവിശ്യയില്‍ ലബനില്‍ നിന്നു റോക്കറ്റാക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇസ്രയേലിലെ ഗലീലി മേഖലയില്‍ മൂന്നിടങ്ങളിലായാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ റോക്കറ്റ് ആക്രമണം ഉണ്ടാകുന്നത്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യുദ്ധം മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്നു എന്നതിന്‍റെ സൂചനകളാണ് വടക്കന്‍ മേഖലയിലെ റോക്കറ്റാക്രമണം നല്‍കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക സംഘടനയായ ഹിസ്ബുള്ളയായിരിക്കുമെന്നാണ് കരുതുന്നത്.
ആക്രമണത്തെ തുടര്‍ന്ന് പ്രവിശ്യയിലെ സ്കൂളുകള്‍ അടച്ചു. ആരും വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി ഇസ്രയേല്‍ വക്താവ് പറഞ്ഞു. ലെബനാനു നേരെ ഇസ്രായേല്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. 12 ദിവസമായി തുടരുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 700 കടന്നു. |