ഗാസയില്‍ നൂറുകണക്കിന് പലസ്തീനികളെ കൊലചെയ്തുകൊണ്ട് ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള ആദ്യ വെടി വെനിസ്വേലെയില്‍ നിന്ന്. ഇസ്രയേല്‍ അംബാസിഡറേയും മറ്റ് എംബസി ഉദ്യോഗസ്ഥരേയും നാടുകടത്തിക്കൊണ്ടാണ് വെനിസ്വേലെയുടെ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് തന്‍റെ രാഷ്ട്രത്തിന്‍റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അത്യന്തം ഹീനമാണെന്നും ഇസ്രയേല്‍ പൌരന്മാര്‍ക്ക് അഭിമാനമുണ്ടെങ്കില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കണമെന്നും കാരക്കാസില്‍ ഷാവോസ് പറഞ്ഞു. പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നയതന്ത്രപരമായ നടപടിയെടുക്കുന്ന ആദ്യ രാഷ്ട്രമാണ് വെനിസ്വേല.
ആയുധങ്ങളൊന്നുമില്ലാത്ത സാധാരണക്കാരെയാണ് ഇസ്രയേല്‍ സേന ആക്രമിക്കുന്നത്. ഈ ഭ്രാന്തിനെതിരെ അഭിമാനമുള്ള ഇസ്രയേല്‍ പൌരന്മാര്‍ പട പൊരുതുകയും ആവശ്യമെങ്കില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും വേണം - ഷാവോസ് പറഞ്ഞു.
നേരത്തേ, ഇസ്രയേലിനെ ഷാവേസ് ‘കൊലപാതകികള്‍’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇസ്രയേലിന്‍റെ ശത്രുരാജ്യമായ ഇറാന്‍റെ പ്രസിഡന്‍റായ മെഹ്‌മൂദ് അഹമ്മദി നെജാദുമായി ഷാവേസിന് നല്ല സൌഹൃദമാണുള്ളത്. |