സൈന്യവുമായി ശക്തമായ ഏറ്റുമുട്ടല്‍ തുടരവെ എല്‍.ടി.ടി.ഇയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചു. സര്‍ക്കാര്‍ ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നിരോധന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആഭ്യന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍.ടി.ടിഇയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇനി സാധ്യതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിട്ടുണ്ട്. പുലികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
അതേ സമയം തന്നെ പുലികളുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ സൈന്യം ശക്തമായ മുന്നേറ്റം തുടരുകയാണ്. വടക്കന്‍ മേഖലയില്‍ പുലികളുടെ ശക്തമായ പ്രതിരോധം തകര്‍ത്ത് സൈന്യം മുഹമലൈ പിടിച്ചെടുത്തിട്ടുണ്ട്. മുഹമലൈ പ്രദേശത്ത് മുന്നേറ്റം നടത്തിയ സൈന്യം കിലാലി പ്രവിശ്യയും നിയന്ത്രണത്തിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നാല്‍ കിള്ളിനൊച്ചി ഉടന്‍ തിരിച്ചുപിടിക്കുമെന്നും പതനം അന്തിമമല്ലെന്നും പുലികളുടെ രാഷ്ട്രീയ വിഭാഗ തലവന്‍ ബി നടേശന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പും സൈന്യം കിള്ളിനൊച്ചി പിടിച്ചെടുത്തിട്ടുണ്ടെന്നും അപ്പോഴൊക്കെ എല്‍.ടി.ടി.ഇ അത് തിരിച്ചു പിടിച്ചിട്ടുണ്ടെന്നും ബി നടേശന്‍ വ്യക്തമാക്കി. കിള്ളിനൊച്ചി തിരിച്ചു പിടിക്കാന്‍ എല്‍.ടി.ടി.ഇക്ക് ഇപ്പോഴും കരുത്തുണ്ടെന്നും നടേശന്‍ അവകാശപ്പെട്ടു.
ഇതുവരെ സൈന്യത്തിന്‍റെ ആക്രമണത്തില്‍ 4000ത്തോളം പുലികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ മുഹമലൈയില്‍ നിന്ന് പുലികളുടെ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. |