മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഭീകരന്‍ പാക് പൌരനാണ് പാകിസ്ഥാന്‍ ആദ്യമായി സമ്മതിച്ചു. പാക് വാര്‍ത്താ വിതരണ മന്ത്രി ഷെറിഫ് റഹ്‌മാനാണ് ഈ സമ്മത പ്രസ്താവന നടത്തിയിരിക്കുന്നത്. ഇന്ത്യ നടത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പാക് വൃത്തങ്ങള്‍ അറിയിച്ചു.
കസബ് പാകിസ്ഥാന്‍ പൌരനാകാം എന്ന് പ്രസ്താവന നടത്തിയതിന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മുഹമ്മദ് അലി റുമാനിയെ പാകിസ്ഥാന്‍ പുറത്താക്കിയിരുന്നു. ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ പരസ്യ പ്രസ്താവന നടത്തിയതിനായിരുന്നു പുറത്താക്കല്‍. കസബ് തന്‍റെ പുത്രന്‍ ആണെന്ന് പ്രസ്താവന നടത്തി മുമ്പ് തന്നെ കസബിന്‍റെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കസബ് പാകിസ്ഥാന്‍കാരനാണെന്ന് സമ്മതിക്കാന്‍ പാക് തയ്യാറല്ലായിരുന്നു.
കസബ് പിടിയിലായപ്പോള്‍ മുതല്‍ പാകിസ്ഥാന്‍ പൌരനാണെന്ന് ഇന്ത്യ പാക് വൃത്തങ്ങളെ അറിയിച്ചിരുന്നു. ആദ്യ തെളിവുകള്‍ നല്‍കിയിട്ടും കസബിന്‍റെ പൌരത്വം അംഗീകരിക്കാന്‍ പാക് തയ്യാറായിരുന്നില്ല. ഇന്ത്യ പുതുതായി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലും അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലുമാണ് പുതിയ പ്രസ്താവന പാക് മന്ത്രി നടത്തിയിരിക്കുന്നത്. |