ശ്രീലങ്കയുടെ വടക്കന്‍ ഭാഗങ്ങളിലുള്ള കൂടുതല്‍ പുലി സങ്കേതങ്ങളില്‍ സൈന്യം ഇന്ന് വ്യോമാക്രമണം നടത്തി. വനപ്രദേശങ്ങള്‍ നിറഞ്ഞ ലങ്കന്‍ വടക്കന്‍ ജില്ലയായ മുല്ലത്തീവ് ആണ് സൈന്യത്തിന്‍റെ അടുത്ത ലക്‍ഷ്യമെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിളിനോച്ചിക്ക് ശേഷം എല്‍ടിടിഇയ്ക്ക് ഏറ്റവും സ്വാധീനമുള്ള ഈ സ്ഥലം അവരുടെ പ്രധാന ആയുധ സങ്കേതമായാണ് അറിയപ്പെടുന്നത്.
മുല്ലത്തീവിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കരസേനയുടെ സഹായത്തിനായി എംഐ-24 ഹെലികോപ്ടറുകള്‍ ഇന്ന് ബോംബാക്രമണം നടത്തി. മുല്ലത്തീവ് കൂടി പിടിച്ചെടുത്ത് എല്‍ടിടിഇയ്ക്ക് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുകയാണ് സൈന്യത്തിന്‍റെ ലക്‍ഷ്യം. അതേസമയം പുലികള്‍ സൈന്യത്തിനു നേരെ ഗറില്ലാ മോഡല്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ സൈന്യം കിളിനൊച്ചി പിടിച്ചെടുത്ത വാര്‍ത്തയറിഞ്ഞ് കൊളംബോയില്‍ ആളുകള്‍ ആഹ്ലാദ പ്രകടനം നടത്തി. ഇന്നലെയാണ് സൈന്യം പുലികളുടെ ആസ്ഥാനം പിടിച്ചടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ സൈന്യം നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു ഇത്. |