ശ്രീലങ്കന്‍ സര്‍ക്കാര്‍ പുലികളുടെ മേല്‍ പൂര്‍ണമായ നിയന്ത്രണം നേടാന്‍ പോകുന്നു എന്നതിന്‍റെ സൂചനയാണ് പുതുവര്‍ഷത്തില്‍ ലഭിച്ചിരിക്കുന്നത്. പുലികളുടെ ആസ്ഥാനം എന്നറിയപ്പെടുന്ന കിളിനൊച്ചിയുടെ നിയന്ത്രണം ലങ്കന്‍ സേന ഏറ്റെടുത്തു കഴിഞ്ഞു. 1983 മുതല്‍ എല്‍ ടി ടി ഇയും സര്‍ക്കാരും തമ്മില്‍ ആരംഭിച്ച രക്തരൂഷിത പോരാട്ടം അതിന്‍റെ പാരമ്യതയിലെത്തിയിരിക്കുന്നു. നിണം വീണ് ചുവന്ന ലങ്കന്‍ മണ്ണിന്‍റെ പോരാട്ടചരിത്രത്തിലൂടെ:
പോരാട്ടത്തിന്‍റെ നാള്‍വഴികള്‍
1948 - സിലോണ്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടി. 1956 - സിംഹള രാജ്യത്തിന്‍റെ ഭാഷയായി പ്രഖ്യാപിച്ചു. അകറ്റി നിര്‍ത്തല്‍ അനുഭവപ്പെട്ടതായി തമിഴ് വംശജര്‍. 1958 - ആദ്യ തമിഴ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. ഡസണ്‍ കണക്കിനാളുകള്‍ കലാപത്തില്‍ കൊലപ്പെട്ടു. നിരവധിപേര്‍ ഭവനരഹിതരായി. സംഭവത്തെ തുടര്‍ന്ന് സിംഹളരും തമിഴരും തമ്മില്‍ അകല്‍ച്ച തുടങ്ങി. 1972 - രാജ്യത്തിന്‍റെ പേര്‍ ശ്രീലങ്ക എന്നാക്കി. ബുദ്ധമതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. 1976 - വേലുപ്പിള്ള പ്രഭാകരന്‍റെ നേതൃത്വത്തില്‍ ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം(എല്‍ടിടിഇ) രൂപീകരിച്ചു. 1983 - വടക്കന്‍ പ്രവിശ്യയില്‍ പുലികളുടെ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് തലസ്ഥാനത്ത് തമിഴ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. 1987 - ഇന്ത്യയുടെ സഹായത്തോടെ പുലികള്‍ക്കെതിരെ പോരാട്ടം നടത്തി. ആയിരത്തോളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 1990 - ഇന്ത്യ ശ്രീലങ്കയില്‍ നിന്ന് പിന്‍മാറി. ജാഫ്നയുടെ നിയന്ത്രണം പുലികള്‍ ഏറ്റെടുത്തു. 1991 - എല്‍ടിടിഇ ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. 1993 - മറ്റൊരു ചാവേറാക്രമണത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് രണസിംഗെ പ്രേമദാസ കൊല്ലപ്പെട്ടു.
|