മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുണച്ചിരുന്ന അമേരിക്ക നിലപാട് മാറ്റുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പാകിസ്ഥാനില്‍ പിടിയിലായിട്ടുള്ളവരെ പാകിസ്ഥാനില്‍ തന്നെ വിചാരണ നടത്തിയാല്‍ മതിയെന്നും അവരെ ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്നുമാണ് അമേരിക്കയുടെ പുതിയ നിലപാടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകരാക്രമണം നടത്തിയവരെല്ലാം പാകിസ്ഥാനികളാണെന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ അമേരിക്കയും പാകിസ്ഥാന് നല്‍കിയിരുന്നു. ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകരരെ, തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് വിട്ടുകൊടുക്കണമെന്നാണ് അമേരിക്ക ഈയാഴ്ചയാദ്യം വരെ ആവശ്യപ്പെട്ടിരുന്നത്.
മുമ്പെടുത്ത നിലപാടില്‍ നിന്ന് അമേരിക്ക മലക്കം മറിയുന്നതിന്റെ കാരണം വ്യക്തമല്ല. ഭീകരവാദികളെ ഇന്ത്യക്ക് വിട്ടുതരണമെന്ന അമേരിക്കയുടെ ആവശ്യത്തിന് വേണ്ടത്ര ബലമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഇന്നലെ പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് അമേരിക്ക നിലപാട് മാറ്റി മലക്കം മറിയല്‍ നടത്തിയിരിക്കുന്നത്.
കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ഒരു ഉടമ്പടിയിലും ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചിട്ടില്ല എന്നാണ് നിലപാട് മാറ്റത്തിന് കാരണമായി അമേരിക്ക പറയുന്നത്. അമേരിക്കയുടെ ഈ പുതിയ നിലപാട് ഔദ്യോഗികമായി പാകിസ്ഥാനെ അറിയിച്ചുകഴിഞ്ഞെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. |