തമിഴ് നാട്ടിലെ രാഷ്ട്രീയക്കാര്‍ കോമാളികളാണെന്ന ലങ്കന്‍ സേനാ മേധാവി ജനറല്‍ ഫൊന്‍സേകയുടെ പരാമര്‍ശത്തില്‍ ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഇന്ത്യയോട് മാപ്പ് പറഞ്ഞു. ലങ്കന്‍ സേനാ മേധാവിയുടെ പരാമര്‍ശം തമിഴ് നാട്ടില്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.
തമിഴ് നാട്ടിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് തമിഴ് പുലികളില്‍ നിന്ന് പണം ലഭിക്കുന്നുണ്ടെന്നും ജനറല്‍ ഫൊന്‍സേക ആരോപിച്ചിരുന്നു. ജനറല്‍ ഫൊന്‍സേകയ്ക്ക് ഭ്രാന്താണെന്നാണ് വൈകോ തനിക്കെതിരെയുള്ള ആരോപണത്തിന് മറുപടിയായി പ്രതികരിച്ചത്.
തമിഴ് നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍, ലങ്കന്‍ സേന തമിഴ് പുലികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ജനറല്‍ ഫൊന്‍സേക വിവാദ പരാമര്‍ശം നടത്തിയത്. എം ഡി എം കെ നേതാവ് വൈകോയ്ക്കും തമിഴ് ദേശീയ നേതാവ് നെടുമാരനും തമിഴ് പുലികളില്‍ നിന്ന് പണം ലഭിക്കുന്നുണ്ടെന്നും ഫൊന്‍സേക ആരോപണം ഉന്നയിച്ചിരുന്നു.
ലങ്കയില്‍ തമിഴ് പുലികള്‍ പരാജയത്തിന്‍റെ വക്കിലാണ്. ഈ വര്‍ഷം അവസാനത്തോടെ തമിഴ് പുലികളെ ഉന്മൂലനം ചെയ്യുമെന്ന് ലങ്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. |