ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ, മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞു. മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം പാകിസ്ഥാന്‍ സര്‍ക്കാരിന് മേല്‍ ശക്തമായതിനെ തുടര്‍ന്നാണ് ലഷ്കര്‍ തലവന്‍ ഹാഫിസ് സയദ് ഇതു പറഞ്ഞത്.
ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലഷ്കര്‍ മേധാവി ഇതു പറഞ്ഞത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാജയം മൂലം ഉണ്ടായ ആക്രമണം ലഷ്കറിന്‍റെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഹാഫിസ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഐ എസ് ഐയും ലഷകര്‍ ഇ തൊയ്ബയുമാണെന്ന് ഇന്ത്യ ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ലഷ്കര്‍ മേധാവി ആരോപണം നിഷേധിച്ചിരിക്കുന്നത്.
മുംബൈയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് ആരാണ് പരിശീലനം നല്‍കിയതെന്നും പാകിസ്ഥാനിലെ ഏത് പ്രദേശത്ത് വച്ചാണ് പരിശീലനം നല്‍കിയതെന്നും കണ്ടെത്തിയതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവകാശപ്പെട്ടിരുന്നു. മുംബൈയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പാക് ചാര സംഘടനയായ ഐ സ് ഐയുമായി ബന്ധമുണ്ടെന്ന് നേരത്തേ ഒരു സി ഐ എ ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു.
മുംബൈയില്‍ നടന്ന ആക്രമണത്തിനിടെ പിടിയിലായ അസ്മല്‍ കസബ് തനിക്ക് ലഷ്കര്‍ ഇ തൊയ്ബയില്‍ നിന്ന് പരിശീലനം ലഭിച്ചതായി സമ്മതിച്ചിരുന്നുവെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ലഷ്കര്‍ ഇ തൊയ്ബ അംഗങ്ങളായ സകി ഉര്‍ റഹ്മാന്‍ ലക്വി, യുസഫ് മുസമില്‍ എന്നിവരാണ് മുംബൈ ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയതെന്നാണ് ഇതുവരെയുള്ള അന്വേഷനത്തില്‍ നിന്ന് വ്യക്തമാകുന്നത്. |