അമേരിക്കന്‍ ബാങ്കിംഗ് മേഖലയില്‍ ഉണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് വിശദമായി അന്വേഷിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ എഫ്.ബി.ഐ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രസിദ്ധ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് സ്ഥാപനമായ സി.എന്‍.എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ലേമാന്‍ ബ്രദേഴ്സ്, അമേരിക്കന്‍ ഇന്‍ഷ്വറന്‍സ് ഗ്രൂപ്പ്, ഫന്നി മാ, ഫ്രെഡി മാക് എന്നീ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചാവും അന്വേഷണം എന്ന് സൂചനയുണ്ട്.
എന്നാല്‍ എഫ്.ബി.ഐ വക്താവ് സ്പെഷ്യല്‍ ഏജന്‍റായ റിച്ചാര്‍ഡ് കെല്‍ക്കോ ഇത് സംബന്ധിച്ച് ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. 26 സ്ഥാപനങ്ങളെ കുറിച്ചാവും എഫ്.ബി.ഐ അന്വേഷിക്കുക എന്നും സൂചനയുണ്ട്. വായ്പാ തിരിച്ചടവില്‍ വന്ന വന്‍ വീഴ്ചകളാണ് അമേരിക്കയില്‍ നിലവിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലെ ഭവന നിര്‍മ്മാണ വായ്പ സംബന്ധിച്ച വിവിധ സ്ഥാപനങ്ങളിലെ അഴിമതിയാവും ഈ സാമ്പത്തിക മാന്ദ്യത്തിന് വഴിവച്ചതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 1,400 ഓളം റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരെ കുറിച്ച് അന്വേഷിക്കും എനനണ് എഫ്.ബി.ഐ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളര്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്.
|