പാകിസ്ഥാനില്‍ പ്രസിഡന്‍റായി പി പി പി ഉപാദ്ധ്യക്ഷനും വധിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ് അലി സര്‍ദാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാകിസ്ഥാന്‍റെ പതിമൂന്നാമത് പ്രസിഡന്‍റാണ് സര്‍ദാരി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹമീദ് ദോഗര്‍ ആണ് സര്‍ദാരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.
ചടങ്ങില്‍ ബ്രിട്ടനിലായിരുന്ന പി പി പി അദ്ധ്യക്ഷനും സര്‍ദാരിയുടെ മകനുമായ ബിലാവല്‍ ഭൂട്ടോയും പങ്കെടുത്തു. രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. സൈനിക മേധാവി ജനറല്‍ അഷ്ഫക് കിയാനിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ ഡിസംബര്‍ 27ന് ബേനസിര്‍ ഭൂട്ടോയുടെ വധത്തോടെയാണ് സര്‍ദാരി പാക് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. കഴിഞ്ഞ മാസം പ്രസിഡന്‍റായിരുന്ന പര്‍വേസ് മുഷറഫ് രാജിവച്ചതിനെ തുടര്‍ന്നാണ് സര്‍ദാരി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
|