പാകിസ്ഥാനില്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് 24 മണികൂറിനുള്ളില്‍ ഒഴിയണമെന്ന് ഭരണസഖ്യം അന്ത്യശാസനം നല്‍കി. ഇല്ലെങ്കില്‍ അടുത്ത ആഴ്ച പാര്‍ലമെന്‍റില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം അവതരിപ്പിക്കുമെന്നും ഭരണസഖ്യം വെളിപ്പെടുത്തി.
ഇനിയും സമയം നല്‍കാനാകില്ല. ഞായറാഴ്ച മുഷറഫ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച്‌മെന്‍റ് നടപടികള്‍ തുടങ്ങും- പി പി പി നേതാവും വിദേശ കാര്യ മന്ത്രിയുമായി ഷാ മഹ്‌മൂദ് ഖുറേഷി പറഞ്ഞു.
രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാന്‍ മാര്‍ഗ്ഗമില്ലാതിരിക്കെ മുഷറഫിനെ പുറത്ത് പോകാന്‍ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സേനാ മേധാവി ജനറല്‍ അഷ്ഫക് കിയാനിയെ ഭരണസഖ്യം സമീപിച്ചു എന്ന് സൂചനയുണ്ട്. അതിനിടെ, മുഷറഫ് 48 മണിക്കൂറിനുള്ളില്‍ രാജിവയ്ക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
രാജിവയ്ക്കാന്‍ മുഷറഫ് ഉപാധികള്‍ മുന്നോട്ട് വച്ചതായും അറിയുന്നു. മുന്‍ പ്രസിഡന്‍റുമാര്‍ക്ക് നല്‍കുന്ന സുരക്ഷാ സംവിധാനവും മറ്റും തനിക്ക് നല്‍കണമെന്നും മുഷറഫ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍, നവാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുളള പി എം എല്‍ എന്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു.
|