ബംഗ്ലാദേശ് സ്ഥാപകനായ ഷേഖ് മുജിബുര്‍ റഹ്‌മാന്‍റെ മുപ്പത്തി മൂന്നാം ചരമവാര്‍ഷികം ആചരിച്ചു. പ്രസിഡന്‍റ് ഇയാജുദ്ദീന്‍ അഹമ്മദ്, മുഖ്യ ഉപദേഷ്ടാവ് ഫക്രുദ്ദീന്‍ അഹമ്മദ് തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
ശവകുടീരത്തില്‍ മൂന്ന് സേനാ വിഭാഗങ്ങളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു. മുജീബുര്‍ റഹ്‌മാനെ 1975ല്‍ സൈനിക അട്ടിമറിക്കിടെ അദ്ദേഹത്തിന്‍റെ വസതിയില്‍ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് പ്രധാനമന്ത്രിയായ ഷേഖ് ഹസീന, ഷേഖ് റഹാന എന്നിവര്‍ ഒഴികെ മുജീബുര്‍ റഹ്‌മാന്‍റെ കുടുംബാംഗങ്ങളെല്ലാം അന്ന് കൊല്ലപ്പെട്ടിരുന്നു.
ആഗസ്ത് 15 ദേശീയ ദുഖാചരണവും പൊതു അവധിയുമായി ഇപ്പോഴത്തെ കാവല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണിത്.
മുജീബുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ട് 21 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്‍റെ പുത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് ആഗസ്ത് 15ന് ദുഖാചരണവും പൊതു അവധിയുമായി പ്രഖ്യാപിച്ചത്. ഖാലിദാ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ 2002ല്‍ ഇത് എടുത്ത് കളയുകയായിരുന്നു.
|