ഒളിമ്പിക്സിനിടെ സുരക്ഷിത ലൈംഗിക ബന്ധത്തിനായി ചൈനീസ് അധികൃതര്‍ നാല് ലക്ഷം ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നു. ബെയ്ജിംഗിലും ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുന്ന മറ്റ് നാല് നഗരങ്ങളിലും ആണ് ഗര്‍ഭ നിരോധന ഉറ വിതരണം നടക്കുന്നത്.
മൂന്ന് നക്ഷത്ര പദവിയും അതിന് മുകളിലുമുളള 424 ഹോട്ടലുകളിലെ 90000 മുറികളില്‍ ഗര്‍ഭ നിരോധന ഉറകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജിന്‍ ഡാപെങ് പറഞ്ഞു. ഇതില്‍ ഒളിമ്പിക്സ് സംഘാടകരും വിവിധ രാജ്യങ്ങളിലെ ഒളിമ്പിക്സ് കമ്മിറ്റികളും കരാറെടുത്തിട്ടുള്ള 119 ഹോട്ടലുകളും ഉള്‍പ്പെടുന്നു.
ഒളിമ്പിക്സ് ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ വിതരണത്തിനായി ഉന്നത ഗുണനിലവാരം ഉളള ഒരു ലക്ഷം ഗര്‍ഭനിരോധന ഉറകളും ലഭ്യമാകിയിട്ടുണ്ടെന്ന് ജിന്‍ ഡാപെങ് പറഞ്ഞു. അത്‌ലറ്റുകളും ഒഫീഷ്യലുകളും ഇവിടെ താമസിക്കുന്നുണ്ട്.
ബെയ്ജിംഗിലെ 18 ജില്ലകളിലും കൌണ്ടികളിലുമായി 40 ക്ലിനിക്കുകളില്‍ എയിഡ്സ് പരിശോധനയ്ക്കുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭ നിരോധന ഉറകള്‍ക്ക് പുറമെ എയിഡ്സ് പ്രതിരോധത്തെ കുറിച്ച് പ്രചരണം ലക്‍ഷ്യമിട്ട് ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ് ഭാഷകളിലായി രണ്ടരലക്ഷം ലഖുലേഖകളും ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നുണ്ട്.
|