പാകിസ്ഥാനില്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഭരണസഖ്യം മുന്നോട്ട് പോകവേ സൌദി അറേബിയയിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി മുക്രിന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ പാകിസ്ഥാനിലെത്തി. മുഷറഫിനെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയം അടുത്ത ആഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനിരിക്കെ ആണ് സൌദി രഹസ്യാന്വേഷണ വിഭാഗം മേധാവി പാകിസ്ഥാനിലെത്തിയിരിക്കുന്നത്.
മുഷറഫുമായും പി പി പി നേതാക്കളുമായും മുക്രിന്‍ ചര്‍ച്ച നടത്തി. മുഷറഫ് രാജി വയ്ക്കുകയാണെങ്കില്‍ അദ്ദേഹത്തിന് സുരക്‍ഷിതനായി രാജ്യം വിടാനുള്ള സൌകര്യമൊരുക്കണമെന്ന് സൌദി രഹസ്യാന്വേഷണ വിഭാഗം മേധാവി അഭ്യര്‍ത്ഥിച്ചു എന്നാണ് സൂചന.
എന്നാല്‍, സൌദി രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഔദ്യോഗിക വെളിപ്പെടുത്തലൊന്നുമുണ്ടായിട്ടില്ല. സൌദി എംബസിയും ഇത് സംബന്ധിച്ച് പരാമര്‍ശമൊന്നും നടത്തിയിട്ടില്ല.
പാകിസ്ഥാനുമായി വളരെ അടുത്ത ബന്ധമാണ് സൌദി അറേബിയയ്ക്കുള്ളത്. മുന്‍പും പാകിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാന്‍ സൌദി ഇടപെട്ടിരുന്നു.
തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ശക്തിപ്പെട്ടിരിക്കെ മുഷറഫ് സൌദി അറേബിയയുടെ സഹായം തേടിയതായി വാര്‍ത്തയുണ്ടായിരുന്നു.
|