പ്രശസ്ത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ അവരുടെ വക്താവ് നിഷേധിച്ചു. എലിസബത്ത് ടെയ്‌ലര്‍ ആശുപത്രിയിലാണെങ്കിലും അവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് ലോസ് ആഞ്ചലസിലെ അവരുടെ വക്താവ് ഡിക് ഗറ്റ്മാനാണ് വെളിപ്പെടുത്തിയത്.
എലിസബത്ത് ടെയ്‌ലര്‍ ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം ചില കുട്ടിപ്പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. “ എലിസബത്ത് ടെയ്‌ലര്‍ സുഖമായിരിക്കുന്നു. അവരുടെ ആരോഗ്യത്തെ കുറിച്ച് ഇംഗ്ലണ്ടില്‍ പാര്‍ന്നിട്ടുള്ള വിവരങ്ങള്‍ വാസ്തവവിരുദ്ധമാണ്. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അവര്‍ ആശുപത്രിയില്‍ കഴിയുന്നത്”- ഡിക് ഗറ്റ്മാന്‍ പറഞ്ഞു.
കടുത്ത ഹൃദ്രോഗത്തെ തുടര്‍ന്ന് ടെയ്‌ലര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആണ് അശുപത്രിയില്‍ കഴിയുന്നതെന്നാണ് വാര്‍ത്ത പരന്നത്. എലിസബത്ത് ടെയ്‌ലറിന്‍റെ സുഹൃത്തിനെ ഉദ്ധരിച്ചാണ് വാര്‍ത്ത പത്രങ്ങളില്‍ വന്നത്.
കൌമാരപ്രായത്തിലാണ് എലിസബത്ത് ടെയ്‌ലര്‍ ഹോളിവുഡ് സിനിമയിലെത്തുന്നത്. അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് 1992ല്‍ അവരെ മാനുഷിക പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.
|