നര്‍ഗീസ് ചുഴലിക്കാറ്റ് നാശം വിതച്ച മ്യാന്മാറില്‍ രണ്ടാമതും അത്യാപത്ത് ഉണ്ടാവാമെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കി. ദുരിതബാധിതരെ സഹായിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് വാതില്‍ തുറന്നില്ലെങ്കില്‍ കൂടുതല്‍ ആപത്ത് ഉണ്ടാവുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.
കൂടുതല്‍ സഹായം വേഗത്തില്‍ തന്നെ മ്യാന്മാറില്‍ എത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു രണ്ടാം ആപത്ത് രാജ്യത്തുണ്ടാകാന്‍ സാദ്ധ്യതയുണ്ട്- മനുഷ്യാവകാശ സംബന്ധിയായ യു എന്‍ ഓഫീസിന്‍റെ വക്താവ് എലിസബത്ത് ബയര്‍സ് പറഞ്ഞു.
ചുഴലിക്കാറ്റ് ഏറ്റവും നാശം വിതച്ച യന്‍ഗോണിലും ഇറവാഡി മേഖലയിലും കനത്ത മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ സാമഗ്രികള്‍ വേഗത്തില്‍ ദുരന്ത ബാധിത പ്രദേശങ്ങളിലെത്താന്‍ കടല്‍ വഴിയോ വ്യോമ മാര്‍ഗ്ഗമോ സൈനിക ഭരണകൂടം വഴി തുറക്കണം- എലിസബത്ത് ബയര്‍സ് പറഞ്ഞു.
പുതുതായി 34 വിസകളാണ് മ്യാന്മാര്‍ ഭരണകൂടം യു എന്‍ പ്രതിനിധികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. ഇത്രയും മാരകമായ വിപത്ത് നേരിടുന്നതിന് ഇത് തുലോം അപര്യാപതമാണെന്ന് എലിസബത്ത് പറഞ്ഞു.
പ്ലാസ്റ്റിക് ഷീറ്റുകള്‍, പുതപ്പുകള്‍, ടെന്‍റുകള്‍ എന്നിങ്ങനെ 40 ടണ്‍ വസ്തുക്കള്‍ യന്‍ഗോണില്‍ ഇതിനകം യന്‍ഗോണില്‍ എത്തിച്ചതായി യു എന്‍ അറിയിച്ചു.
|