സ്ത്രീയെ ഒറ്റയ്ക്ക് കണ്ടതിന് ശിക്ഷയും കാത്ത് കഴിയുകയാണ് സൌദി അറേബിയയില്‍ ഒരു പുരുഷന്‍. കുറ്റം തെളിഞ്ഞാല്‍ 150 ചാട്ടവാറടിയും എട്ട് മാസം തടവുമാണ് ശിക്ഷ ലഭിക്കുക.
മൊഹമ്മദ് അലി അബു റസീസ എന്ന മനശാസ്ത്ര പ്രൊഫസറാണ് മെക്കയില്‍ വച്ച് യുവതിയുമായി മറ്റാരും കൂടെയില്ലാത്ത സമയത്ത് കുടിക്കാഴ്ച നടത്തിയതിന് പിടിയിലായത്. ഖില്‍വ കോഡ് പ്രകാരമുള്ള ഇസ്ലാമിക നിയന്ത്രണങ്ങള്‍ പ്രൊഫസര്‍ ലംഘിച്ചു എന്നാണ് ആരോപണം.
കര്‍ശന ഇസ്ലാമിക നിയമം പാലിക്കുന്ന സൌദി അറേബിയയില്‍ സ്ത്രീകളെ ഒറ്റയ്ക്ക് കാണുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇസ്ലാമിക നിയമ പ്രകാരം ബന്ധുക്കളായ പുരുഷന്മാരെ മാത്രമേ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് കാണുന്നതിന് അനുവാദമുള്ളൂ.
എന്നാല്‍, താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രൊഫസര്‍ പറയുന്നത്. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസര്‍മാരുമായി നല്ല രസത്തിലായിരുന്നതിനാല്‍ തന്നെ മനപൂര്‍വ്വം കുടുക്കുകയായിരുന്നുവെന്ന് പ്രൊഫസര്‍ വാദിക്കുന്നു. മറ്റൊരാളോടൊപ്പം ആണ് യുവതിയോട് വരാന്‍ പറഞ്ഞതെന്നും എന്നാല്‍, അവര്‍ ഒറ്റയ്ക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട യുവതിയെ കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ല. പ്രൊഫസറെ വിട്ടയയ്ക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ സൌദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|