ലെബനനില്‍ ഹിസ്ബുള്‍ പിന്തുണ വിഭാഗവും സര്‍ക്കാരിനെ പിന്തുണക്കുന്നവരും തമ്മില്‍ ട്രിപ്പോളി നഗരത്തില്‍ പോരാട്ടം തുടരുന്നു. ശനിയാഴ്‌ച രാത്രി കനത്ത പോരാട്ടമാണ് ഈ നഗരത്തില്‍ നടന്നത്.
ശനിയാഴ്‌ച രാത്രി നടന്ന പോരാട്ടത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പോരാട്ടത്തില്‍ ഇതുവരെ 30 ആളുകള്‍ മൊത്തം കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.
മെഷീന്‍ ഗണ്ണുകളും ഗ്രനേഡുകളും ഉപയോഗിച്ച് നടന്ന പോരാട്ടത്തെ ഭയന്ന് ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പോകുകയാണ്. പോരാട്ടം ഭയന്ന് ബാബ-അല്‍ തെബാനി ജില്ലയില്‍ നിന്ന് മൊത്തം 7000 ആളുകള്‍ ഒഴിഞ്ഞു പോയി.
അതേസമയം , സര്‍ക്കാരിന്‍റെ വിവാദ തീരുമാനങ്ങള്‍ സൈന്യം തടഞ്ഞതിനെത്തുടര്‍ന്ന് തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് പിന്‍മാറാന്‍ ഹിസ്ബുള്‍ തീരുമാനിച്ചു. സൈന്യത്തിന്‍റെ നീക്കം ഹിസ്ബുള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
ലെബനനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അറബ് രാഷ്‌ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഞായറാഴ്‌ച യോഗം ചേരും. അറബ് ലീഗാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
|