മ്യാന്‍മാറില്‍ അടുത്താഴ്‌ച പെയ്യുവാന്‍ സാദ്ധ്യതയുള്ള മഴ രാജ്യത്തെ ചുഴലിക്കാറ്റ് വീശിയതു മൂലമുണ്ടായ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഐക്യരാഷ്‌ട്രസയുടെ കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഏഷ്യന്‍ രാജ്യത്ത് മേയ് 14 മുതല്‍ മഴ പെയ്യുവാനും ശക്തമായ കാറ്റ് വീശുവാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ ഏജന്‍സി പ്രവചിക്കുന്നു.
നര്‍ഗീസ് ചുഴലിക്കാറ്റ് മൂലം മ്യാന്‍മാറില്‍ ഒരു ലക്ഷം ആളുകള്‍ മരിച്ചുവെന്നാണ് ഐക്യരാഷ്‌ട്രസഭ പറയുന്നത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ രാജ്യത്ത് മലേറിയ പോലുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തെ ജനങ്ങള്‍ ഭക്ഷണവും വസ്‌ത്രവും ലഭിക്കാതെ വിഷമിക്കുകയാണ്. 2004ല്‍ ഏഷ്യയില്‍ സുനാമി ഉണ്ടായപ്പോഴും 2005ല്‍ പാകിസ്ഥാനില്‍ ഭൂമി കുലുക്കം ഉണ്ടായപ്പോഴും നടത്തിയ വിധത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മ്യാന്‍മാറില്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
1500 ടണ്‍ ദുരിതാശ്വാസ സാധനങ്ങളുമായി അടുത്താഴ്‌ചയുടെ പകുതിയില്‍ ഒരു നാവിക കപ്പല്‍ മ്യാന്‍മാറിലേക്ക് അയക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. ഒട്ടേറെ രക്ഷാ പ്രവര്‍ത്തകര്‍ അയല്‍രാജ്യമായ തായ്‌ലന്‍റില്‍ വിസയ്‌ക്കായി കാത്തു നില്‍ക്കുകയാണ്. ഇതിനിടയില്‍ ഐക്യരാഷ്‌ട്രസഭ യാങ്കൂണിലെത്തിച്ച ഭക്‍ഷ്യവസ്തുക്കള്‍ പട്ടാളം പിടിച്ചെടുത്തു.
|