തെക്ക് പടിഞ്ഞാറന്‍ ചൈനയില്‍ ഒരു ബുദ്ധവിഹാരത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ഇന്‍റര്‍നാഷണല്‍ കാംപയിന്‍ ഫോര്‍ ടിബറ്റ് വെളിപ്പെടുത്തി. എന്നാല്‍, പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ സിന്‍ചുവാന്‍ പ്രവിശ്യയിലെ ദൊങു നഗരത്തിലെ ടോങ്കോര്‍ ബുദ്ധ വിഹാരത്തിലെ ചില സന്യാസിമാരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ദലൈലാമയുടെ ചിത്രങ്ങള്‍ പിടിച്ചെടുക്കാനാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് പൊലീസ് വെടിവയ്ക്കുകയായിരുന്നു എന്നാണ് സംഘടനയുടെ വെബ്‌സൈറ്റില്‍ പറയുന്നത്.
നേരത്തേ, ഒരുദ്യോഗസ്ഥന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു എന്നാണ് രാജ്യത്തിന്‍റെ ഔദ്യോഗിക മാദ്ധ്യമമായ സിന്‍ഹുവ വെളിപ്പെടുത്തിയത്. മറ്റ് ചൈനീസ് മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗന്‍സി, സിന്‍ചുവാന്‍ പ്രവിശ്യയിലെ അബ എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം ടിബറ്റിന്‍റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭമുണ്ടായിരുന്നു.
കഴിഞ്ഞ മാസം ഉണ്ടായ കലാപം ചൈന അടിച്ചമര്‍ത്തുകയായിരുന്നു. ഇതില്‍ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
|