തിബത്തിലെ സ്ഥിതിഗതികളില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. അക്രമ സംഭവങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച മൂണ്‍ ചൈനീസ് അധികൃതര്‍ സംയമനം പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.
തിബത്തിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും മൂണ്‍ പറഞ്ഞു. എന്നാല്‍, പ്രശ്നത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് അംബാസഡര്‍ വാങ് ഗുയാങ്യയുമായി പ്രശ്നം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മൂണ്‍ വ്യക്തമാക്കി. “ ചൈനീസ് സര്‍ക്കാരിനെ എന്‍റെ കാഴ്ചപ്പാടുകളും ഉത്കണ്ഠയും അറിയിച്ചിട്ടുണ്ട്”
തിബത്തിലെ പ്രക്ഷോഭകരെ ഒത്തുകൂടാനും പ്രതിഷേധിക്കാനും അനുവദിക്കണമെന്ന് യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ലൂയിസ് ആര്‍ബര്‍ ചൈനീസ് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു. മാര്‍ച്ച് 10ന് തിബത്തന്‍ തലസ്ഥാനമായ ലാസയില്‍ സമാധാനപരമായി പ്രകടനം നടത്തിയ 60ല്‍ പരം ബുദ്ധ ഭിക്ഷുക്കളെ അറസ്റ്റ് ചെയ്തതായ വാര്‍ത്തയെ തുടര്‍ന്നാണ് ലൂയിസ് ഈ അഭ്യര്‍ത്ഥന നടത്തിയത്.
എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് കണ്ണീര്‍ വാതകവും മറ്റും പ്രയോഗിക്കുകയായിരുന്നു. കൂടുതല്‍ അക്രമസംഭവങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
|