ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാനായി പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് യൂറോപ്പ് സന്ദര്‍ശനം തുടങ്ങി. പാകിസ്ഥാന്‍ മനുഷ്യാവകാശ പുനസ്ഥാപനത്തിന് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആംനസ്റ്റി ഇന്‍റര്‍നാഷലിന്‍റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
മുഷറഫ് ഞായറാഴ്ച ബല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ എത്തി. ബ്രസ്സല്‍സിലെ പാക് വംശജരുടെ യോഗത്തില്‍ പങ്കെടുത്ത മുഷറഫിന്‍റെ ഔദ്യോഗിക സന്ദര്‍ശനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങളും സന്ദര്‍ശന പട്ടികയിലുണ്ട്.
മുഷറഫിന്‍റെ സന്ദര്‍ശന വേളയില്‍ യൂറോപ്യന്‍ നേതാക്കള്‍ പാകിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടണം എന്ന് ആംനസ്റ്റി ഇന്‍റര്‍ നാഷണല്‍ യൂറൊപ്യന്‍ നേതാക്കള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ‘മുഷറഫ് യൂറോപ്യന്‍ പര്യടനത്തിലാണ്. മുഷറഫുമായി കൂടിക്കാഴ്ച നടത്തുന്ന നേതാക്കള്‍ക്ക് പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാനായി ആവശ്യപ്പെടാന്‍ അവസരവും ഉത്തരവാദിത്വവും ഉണ്ട്’, ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ഐറീന്‍ ഖാന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
അനധികൃത അറസ്റ്റുകള്‍, തടങ്കലുകള്‍, കാണാതാവലുകള്‍, പീഡനം എന്നിവയും രാഷ്ട്രീയ അതിക്രമങ്ങളും നില നില്‍ക്കുന്നതിനാല്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും. മനുഷ്യാവകാശ ലംഘനത്തിന്‍റെയും നിയമവാഴ്ചയുടെ തകര്‍ച്ചയുടേയും നിരവധി തെളിവുകള്‍ ആംനസ്റ്റി ശേഖരിച്ചിട്ടുണ്ട് എന്നും ഐറീന്‍ ഖാന്‍ പറയുന്നു.
എട്ടു ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിനാണ് മുഷറഫ് പദ്ധതിയിട്ടിരിക്കുന്നത്.
|