നയപരമല്ലാത്ത പെരുമാറ്റകുറ്റം അരോപിച്ച് ജര്‍മ്മന്‍ നയതന്ത്ര പ്രതിനിധിയെ ഇറാനില്‍ നിന്ന് പുറത്താക്കി. ഞായറാഴ്ചയാണ് ഇറാന്‍ വിദേശമന്ത്രാലയം ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ഉത്തരവാദപ്പെട്ട അധികൃതര്‍ നയതന്ത്ര പ്രതിനിധിയുടെ നയപരമല്ലാത്ത പെരുമാറ്റം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹം ഇറാന്‍ വിടണമെന്നുമാണ് ഇറാന്‍ വിദേശ മന്ത്രാലയ പത്രക്കുറിപ്പില്‍ പറയുന്നത്.
ശനിയാഴ്ച രാത്രി ഇറാനിലെ ജര്‍മ്മന്‍ നയതന്ത്രകാര്യാലയത്തിലെ ഒരാള്‍ ഇറാന്‍ വിട്ടു എന്നു മാത്രം ജര്‍മ്മന്‍ വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയാറായില്ല.
ജര്‍മ്മനിയിലെ ഇറാന്‍ എംബസിയില്‍ നിന്ന് കഴിഞ്ഞ ജൂലൈയില്‍ ഒരു ഇറാന്‍ പ്രതിനിധികാര്യാലയ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനുള്ള പ്രതികാര നടപടിയാവാം ഇറാന്‍റെ ഈ നടപടിയെന്ന് കരുതുന്നു.
യുറേനിയം ശുദ്ധീകരണം സംബന്ധിച്ച ഉപകരണത്തിന്‍റെ ഒരു ഭാഗം വാങ്ങുന്നതുമായി സംബന്ധിച്ച് മൊഹററമലി.ഡി എന്ന പേരുള്ള ഒരു ഇറാനിയന്‍ പ്രതിനിധികാര്യാലയ ഉദ്യോഗസ്ഥന്‍ ബവാറിയയിലെ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട ആരോപണമുണ്ടായതായി ജര്‍മ്മന്‍ വാരികയായ ഡെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്‍റെ ആണവപരീക്ഷണങ്ങള്‍ സംബന്ധിച്ച സംഘര്‍ഷം ലഘൂകരിക്കാനായി പ്രവര്‍ത്തിക്കുന്ന മൂന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മ്മനി. ഇറാന്‍റെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മ്മനി എങ്കിലും മൃദുവായ സമീപനമാണ് ഇക്കാര്യത്തില്‍ ജര്‍മ്മനി അനുവര്‍ത്തിച്ചു പോന്നത്.
1979 ലെ ഇറാന്‍ വിപ്ലവത്തിനു ശേഷം ഇറാനുമായി ശക്തമായ നയതന്ത്രബന്ധം പുലര്‍ത്തുന്ന അപൂര്‍വം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മ്മനി.
|