ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍കോസി അഫ്ഗാനിസ്ഥാനിലെത്തി. ഫ്രാന്‍സിലെ പ്രതിരോധ മന്ത്രിയും അദ്ദേഹത്തോടൊപ്പമുണ്ട്.
അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.അഫ്ഗാനില്‍ തുടരുന്ന നാറ്റോയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സുരക്ഷാ സേനയുടെ ജനറല്‍ ഡാന്‍ മക്നേയിലുമായും അദ്ദേഹം ചര്‍ച്ച നടത്തി.
അഫ്ഗാനില്‍ തുടരുന്ന 1300ഓളം ഫ്രഞ്ച് സൈനികരെ അദ്ദേഹം കാണും. മേയില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് സര്‍കോസി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയ്ക്ക് എല്ലാ പിന്തുണയും സര്‍കോസി അടുത്തിടെ വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാനിസ്ഥാന്‍റെ സ്ഥിരതയ്ക്കും പുനര്‍നിര്‍മ്മാനത്തിനും സര്‍കോസിയുടെ സന്ദര്‍ശനം പ്രയോജനം ചെയ്യുമെന്ന് നേരത്തേ സര്‍കോസിയുടെ വക്താവ് പറഞ്ഞിരുന്നു.
ഫ്രഞ്ച് സൈനികര്‍ അഫ്ഗാനില്‍ തുടരുമെന്ന് കഴിഞ്ഞ മാസം സര്‍കോസി അമേരിക്കന്‍ കോണ്‍ഗ്രസിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഫ്രഞ്ച് സേന അഫ്ഗാനിലെ അപകട സാധ്യത കൂടിയ മേഖലകളായ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലേക്ക് പോകണമെന്നാണ് അമേരിക്കയുടെ അവശ്യം.
ഫ്രഞ്ച് സൈനികരില്‍ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് കാബൂളിന് ചുറ്റുമുള്ള സുരക്ഷിത പ്രദേശങ്ങളിലാണ്.
|