വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമം ചൊവ്വാഴ്ച നടന്നു. മെക്കയിലും സൌദി അറേബ്യയിലും മറ്റും ബുധനാഴ്ചയാണ് ബലി പെരുന്നാള്‍.
ചൊവ്വാഴ്ച രാവിലെ മുതല്‍ മീനായില്‍ നിന്ന് തീര്‍ത്ഥാടകര്‍ അറഫയിലേക്ക് നീങ്ങി. അവിടെ ഒരു പകല്‍ മുഴുവന്‍ അവര്‍ പ്രാര്‍ത്ഥനയില്‍ കഴിയുകയാണ്. അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് അറഫയില്‍ സംഗമിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ഒട്ടേറെ തീര്‍ത്ഥാടകര്‍ ഇക്കുറി ഹജ്ജിനെത്തിയിട്ടുണ്ട്. മുന്‍ മന്ത്രിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, ടി.എച്ച്.മുസ്തഫ, കവി യൂസഫലി കേച്ചേരി, സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി, ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ട്.
മെക്കയില്‍ നിന്ന് മീനയിലെത്തിയ ഇന്ത്യക്കാരായ തീര്‍ത്ഥാടകരില്‍ പലര്‍ക്കും താമസിക്കാന്‍ ടെന്‍റ് കിട്ടിയില്ല എന്ന പരാതിയുണ്ടായിരുന്നു. മലയാളികള്‍ താമസിച്ച രണ്ട് ടെന്‍റുകളില്‍ സ്ഥല പ്രശ്നം രൂക്ഷമായിരുന്നു.
തിങ്കളാഴ്ച മീന തമ്പുകള്‍ കൊണ്ടും തീര്‍ത്ഥാടകരെ കൊണ്ടും നിറഞ്ഞു കവിഞ്ഞിരുന്നു. ചില തീര്‍ത്ഥാടകര്‍ കാല്‍നടയായും മീനാ താഴ്വരയിലേക്കെത്തി. തല്‍ബിയത് സൂക്തങ്ങള്‍ ഉരുവിട്ടായിരുന്നു ഹാജിമാരുടെ യാത്ര. ജനത്തിരക്ക് കാരണം വാഹനങ്ങള്‍ പതുക്കയെ നീങ്ങിയിരുന്നുള്ളു. ഇവിടെ നിന്നാണ് അറഫാ സംഗമത്തിനായി തീര്‍ത്ഥാടകര്‍ ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടത്.
സൌദിയില്‍ ബുധനാഴ്ച ബക്രീദാണെങ്കിലും കേരളത്തില്‍ ഇരുപതാം തീയതിയായിരിക്കും ആഘോഷം നടക്കുക.
|