നേതൃപരമായ പദവികള്‍ ഒഴിഞ്ഞേക്കുമെന്ന് ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോ. പതിനാറ് മാസമായി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ് കാസ്ട്രോ. അസുഖബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹം ക്യൂബന്‍ പ്രസിഡന്‍റ് പദവി സഹോദരന് കൈമാറിയിരുന്നു.
എന്‍റെ പ്രാഥമിക കര്‍ത്തവ്യം നേതൃപരമായ പദവികള്‍ വഹിക്കാതിരിക്കുകയാണ്. യുവജനങ്ങളുടെ മാര്‍ഗ്ഗം തടയാതിരിക്കുകയാണ് വേണ്ടത്- ക്യുബന്‍ ടെലിവിഷനിലൂടെ പുറത്ത് വിട്ട കാസ്ട്രോയുടെ കത്തില്‍ പറയുന്നു.
ആമാശയത്തിലുണ്ടായ അസുഖത്തെ തുടര്‍ന്ന് 2006 ജൂലൈയിലാണ് റൌള്‍ കാസ്ട്രോയ്ക്ക് ഫിഡല്‍ അധികാരം കൈമാറിയത്. ആമാശയത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ കാസ്ട്രോയുടെ അസുഖം എന്താണെന്ന് പുറത്ത് വിട്ടിട്ടില്ല.
മാര്‍ച്ചില്‍ ദേശീയ അസംബ്ലി കാസ്ട്രോ പൊതുരംഗത്ത് നിന്ന് വിരമിക്കുന്നതിന് അംഗീകാരം നല്‍കിയേക്കും. ശീതയുദ്ധത്തില്‍ ഭാഗഭാക്കായ നേതാക്കളില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ നേതാവാണ് കാസ്ട്രോ. തന്‍റെ ജീവിതകാലത്ത് നിന്നും ലഭിച്ചിട്ടുള്ള അനുഭവസമ്പത്ത്, ആശയങ്ങള്‍ എന്നിവ പുതു തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാസ്ട്രോ ഇനി പ്രസിഡന്‍റായി തുടരില്ലെന്ന് കത്തിന്‍റെ അവസാന ഭാഗത്തില്‍ പറയുന്നു. മറിച്ച് സര്‍ക്കാരിനെ ആവശ്യഘട്ടങ്ങളില്‍ ഉപദേശിക്കുന്നതിന് അദ്ദേഹം സദാ സന്നദ്ധനായിരിക്കും.
|