പാരീസ് നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് അക്രമാസകതരായ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി കെട്ടിടങ്ങള്‍ക്ക് തീ വയ്ക്കുകയുംചെയ്തു. മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ട് കൌമാര പ്രായക്കാര്‍ പൊലീസ് വാഹനം തട്ടി കൊല്ലപ്പെട്ടതാണ് യുവാക്കള്‍ അക്രമാസക്തരാവാന്‍ കാരണം.
പാരീസ് നഗരത്തിന്‍റെ സമീപ പ്രദേശമായ വില്ലിയേഴ്സ് ലെ ബേലിലാണ് അക്രമം നടന്നത്. മോഷ്ടിച്ച ബൈക്കുമായി പോവുകയായിരുന്ന 15 ഉം 16 ഉം വയസായ ആണ്‍കുട്ടികളാണ് പൊലീസ് കാറിലിടിച്ച് മരിച്ചത്. 2005 ല്‍ രണ്ട് യുവാക്കളുടെ മരണത്തെ തുടര്‍ന്നുണ്ടായ കലാപം നാല്പതു വര്‍ഷത്തിനിടെ ഫ്രാന്‍സ് കണ്ട ഏറ്റവും വലിയ ആഭ്യന്തര കലാപമായി മാറിയിരുന്നു.
വില്ലീസ് ലെ ബേലില്‍ നിരവധി വാഹനങ്ങളും കലാപകാരികള്‍ തീയിട്ടു. നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏഴോളം യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
|