പാകിസ്ഥാനിലെ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥക്കെതിരെ ലാഹോറില്‍ ബുധനാഴ്ച വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനിടെയാണ് ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റു ചെയ്തതെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഇരുനൂറോളം വിദ്യാര്‍ത്ഥികളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ലാഹോര്‍ സര്‍വകലാശാലയിലെത്തിയ ഇമ്രാന്‍ ഖാനെ വിദ്യാര്‍ത്ഥികള്‍ എടുത്തുയര്‍ത്തിയാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്. പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ഇമ്രാന്‍ ഖാന്‍ ഒളിവില്‍ പോയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഇമ്രാന്‍ ഖാന്‍ പരസ്യമായി പ്രത്യക്ഷപ്പെടുന്നത്.
പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയായിരുന്ന ഇമ്രാന്‍ ഖാനെ സാധാരണ വേഷത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടു പോവുകയായിരുന്നെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. പാകിസ്താനിലെ അടിയന്തരാവസ്ഥയും ബേനസീര്‍ ഭൂട്ടോയുടെ വീട്ടു തടങ്കലുമെല്ലാം ബേനസീറും മുഷറഫും തമ്മിലുള്ള ഒത്തുക്കളിയാണെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ ആരോപിച്ചിരുന്നു.
എന്നാല്‍ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് മുഷറഫ് രാജിവെയ്ക്കണമെന്ന് ബേനസീര്‍ ആവശ്യപ്പെട്ടതോടെ ബേനസീറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇമ്രാന്‍ ഖാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
|