വെസ്റ്റിന്‍ഡീസ് ലോകകപ്പിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാകിസ്ഥാന്‍ കോച്ച് ബോബ് വൂമറെ വിഷം നല്‍കിയ ശേഷം കഴുത്തു ഞെരിച്ച് കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഇന്ത്യക്കാരനായ ഡോക്ടര്‍ ശേഷയ്യ. വൂമറുടെ മരണ കാരണത്തെ കുറിച്ച് അന്വേഷിക്കുന്ന സമതിക്ക് നല്‍കിയ മൊഴിയിലാണ് ഡോക്ടര്‍ ശേഷയ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
വൂമറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന ഡോക്ടര്‍ ശേഷയ്യയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. എന്നാല്‍ വൂമര്‍ക്ക് വിഷം നല്‍കിയിട്ടുണ്ടാവാമെന്ന് ഡോക്ടര്‍ ശേഷയ്യ പറയുന്നത് ഇപ്പോഴാണ്. ജമൈക്കന്‍ പോലീസ് വൂമറുടേത് സ്വാഭാവിക മരണമാണെന്ന് പ്രഖ്യാപിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ച ജൂണ്‍ 12 ന് തനിക്ക് ടോക്സിക്കോളജി റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്നും ജൂണ്‍ 21 ന് മാത്രമാണ് ഈ റിപ്പോര്‍ട്ട് ഫാക്സ് മുഖേന തനിക്ക് കിട്ടിയതെന്നുമാണ് ഡോകടര്‍ ഇതിന് കാരണമായി പറയുന്നത്. ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ വൂമറുടെയുള്ളില്‍ ‘സൈപ്പര്‍മെഥറിന്‍’ എന്ന കീടനാശിനിയുടെ അംശം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുള്ളതായി ശേഷയ്യ മൊഴി നല്‍കി.
മൂന്നു വ്യത്യസ്ത ഡോക്ടര്‍മാരുടെ അഭിപ്രായം മാനിച്ചാണ് വൂമറുടേത് സ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ തങ്ങള്‍ എത്തിയതെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടുള്ള എതിര്‍പ്പ് ഡോക്ടര്‍ ശേഷയ്യ അന്ന് തന്നെ അറിയിച്ചിരുന്നു.
|