പാകിസ്ഥാനില്‍ 130 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിലെ മുഖ്യ പ്രതിയെന്നു കരുതുന്ന ചാവേര്‍ പോരാളിയുടെ ചിത്രം പാകിസ്ഥാന്‍ പോലീസ് ശനിയാഴ്ച പുറത്തു വിട്ടു. ബെനസീര്‍ ഭൂട്ടോയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കിടയിലായിരുന്നു സ്ഫോടനം.
പാകിസ്ഥാനിലെ ഉറുദു പത്രങ്ങള്‍ ചാവേര്‍ പോരാളിയുടെ തലയുടെ ചിത്രവുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഇരുപതുകാരന്‍റെ രൂപമാണ് ചിത്രത്തില്‍. 20-25 വയസ്സിനകത്ത് പ്രായം തോന്നുന്ന ഇയാള്‍ കറാച്ചി നിവാസിയാണെന്നും പോലീസ് സംശയിക്കുന്നു. സ്ഫോടനത്തില്‍ 139 പേര്‍ മരിച്ചതായും 325 പേര്‍ക്കു പരുക്കു പറ്റിയതായിട്ടുമാണ് പോലീസ് പ്രസ്താവനയില്‍ പറയുന്നത്.
എന്നാല്‍ നവംബര്‍ 15 നു ശേഷം പാകിസ്ഥാനിലെങ്ങും കെയര്‍ ടെക്കര്‍ ഗവണ്‍മെന്‍റ് വരുമെന്നും പാകിസ്ഥാന്‍റെ തെരഞ്ഞെടൂപ്പ് പട്ടികയ്‌ക്കൊന്നും മാറ്റമുണ്ടാകില്ലെന്നും പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷൌക്കത്ത് അസീസ് ലാഹോറില്‍ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചുരുക്കിയിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അഫ്താബ് അഹമ്മദ് ഖാന്‍ ഷെര്‍പാവോയും പറയുന്നു.
ഷൌക്കത്ത് അസീസും ഷെര്‍പാവൊയും ചാവേര്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ടവരാണ്. ജനുവരി ആദ്യം പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ വ്യാഴാഴ്ച അര്‍ദ്ധരാത്രിയില്‍ നടന്ന തരത്തിലുള്ള ദുരന്ത സംഭവം പാകിസ്ഥാനില്‍ ഭീതി പരത്തിയിരിക്കുകയാണ്.
ജനുവരി ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പ് സൈനിക ഭരണ കൂടത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് പാകിസ്ഥാനെ നയിക്കും എന്നായിരുന്നു വിലയിരുത്തല്‍. ശനിയാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനം നാലു പേരുടെ മരണത്തിനിടയാക്കിയിരുന്നു.
|