ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അല്‍ഗോറിനും (57) കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠനം നടത്തുന്ന ഐക്യരാഷ്ട്ര സഭയുടെ പാനലിനും ലഭിച്ചു. ഇതില്‍ ഇന്ത്യക്കും അഭിമാനിക്കാന്‍ വകയുണ്ട്. യുഎന്‍ കാലാവസ്ഥ പഠന പാനലായ ഐ.പി.സി.സിയുടെ അദ്ധ്യക്ഷന്‍ ഇന്ത്യാക്കാരനായ രാജേന്ദ്ര കുമാര്‍ പച്ചൌരിയാണ്.
ആഗോളപരമായി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിനാണ് അല്‍ഗോറിനും യുഎന്‍ പാനലിനും സമാധാന നോബല്‍ ലഭിച്ചത്. അല്‍ ഗോറും സമിതിയും മനുഷ്യ ഇടപെടല്‍ മൂലം അന്തരീക്ഷവ്യതിയാനം ഉണ്ടാവുന്നതിനെ കുറിച്ച് നടത്തിയ ബോധവല്‍ക്കരണ ശ്രമത്തെ അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് നോര്‍വീജിയന്‍ അവാര്‍ഡ് സമിതി ശ്ലാഘിക്കുകയുണ്ടായി.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ച് പഠനം നടത്തുകയും കാലാവസ്ഥാ മാറ്റത്തിന്‍റെ ഭവിഷ്യത്തുകളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും യുഎന്‍ പാനല്‍ സംഘടിപ്പിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അല്‍ഗോറുണ്ടായിരുന്നു.
യുഎന്‍ പാനല്‍ നിര്‍മ്മിച്ച ആഗോള താപനത്തിന്‍റെ ഭീഷണികള്‍ വ്യക്തമാക്കുന്ന ‘ആന്‍ ഇന്‍കണ്‍വീനിയന്‍റ് ട്രൂത്ത്’ എന്ന ഡോക്യുമെന്‍ററി ചിത്രം കഴിഞ്ഞ വര്‍ഷം അല്‍ഗോറാണ് പുറത്തിറക്കിയത്. ഈ ഡോക്യുമെന്‍ററി ചിത്രത്തിന് ഓസ്ക്കാര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
|