ഗാസ മുനമ്പ് താമസിയാതെ പൂര്‍ണ്ണമായും വിദേശസഹായത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാകുമെന്ന് യു എന്‍. ഇത് കൊണ്ടുണ്ടാകുന്ന പരിണതഫലങ്ങള്‍ അത്യാപത്കരമായിരിക്കുമെന്നും മുതിര്‍ന്ന യു എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹമാസ് ഗാസയുടെ നിയന്ത്രണം പിടിച്ചതിനെ തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നേരത്തേ തന്നെ ദാരിദ്ര്യത്തിന്‍റെ പിടിയിലായിരുന്ന ഗാസയില്‍ ഇത് സ്ഥിതിഗതികള്‍ കുടുതല്‍ രുക്ഷമായിരിക്കുകയാണ്. 1.4 ദശലക്ഷം ജനങ്ങളാണ് ഗാസയിലുള്ളത്.
ഗാസയുടെ മേല്‍ അന്താരാഷ്ട്ര സമുഹം ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത് അത്യന്തം സങ്കീര്‍ണ്ണമായ സ്ഥിതിയാണ് സൃഷ്ടിച്ചിട്ടുള്ളത്. അത് പരിഹരിക്കാനുള്ള അവസരം അടഞ്ഞ് വരികയാണ്- യു എ ദുരിതാശ്വാസ ഏജന്‍സിയുടെ ഡെപ്യൂട്ടി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍ വളരെ ആപത്കരമായ സ്ഥിതി വിശേഷമാണ് സൃഷ്ടിക്കുക. തീവ്രവാദം കരുത്താര്‍ജ്ജിക്കുകയാവും ഇതിന്‍റെ ഫലം.
ഹമാസ് ഗാസയുടെ അധികാരം പിടിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ വ്യവസായ മേഖലയ്ക്ക് ഇതുവരെ 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് നഷ്ടമായിട്ടുള്ളത്. അന്താരാഷ്ട്ര ഉപരോധം തുടരുകയാണെങ്കില്‍ ഗാസയിലെ 120000 ത്തോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് പലസ്തീന്‍ വ്യവസായികളുടെ അസോസിയേഷന്‍ വെളിപ്പെടുത്തി.
|